Recent-Post

ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും വർഗീയത പ്രചരിപ്പിക്കുന്നവരുടെ ബ്ലഡ് ഗ്രൂപ്പ് ഒന്നു തന്നെ; കാനം രാജേന്ദ്രൻ

ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും വർഗീയത പ്രചരിപ്പിക്കുന്നവരുടെ 
നെടുമങ്ങാട്: നേട്ടങ്ങൾ വരുമ്പോൾ കൈ നീട്ടുകയും കോട്ടം വരുമ്പോൾ ഞങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്ന്പറയുകയും ചെയ്യുന്ന വിലയില്ലാത്ത രാഷ്ട്രീയമല്ല സിപിഐയുടെതെന്നും സിപിഐയും സിപിഎമ്മും തമ്മിലുള്ള ഐക്യമാണ് കാലഘട്ടം ആവശ്യപ്പെടുന്നതും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം നെടുമങ്ങാട് സുജനപ്രിയൻ നഗറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസും ബിജെപിയും തമ്മിലുള്ള അതിർവരമ്പ് നേർത്തു നേർത്ത് വരികയാണ്. കോൺഗ്രസ്നേതാക്കൾ ബിജെപിയിലേക്ക് പോകുന്നതും ബിജെപിക്കാർ കോൺഗ്രസിലേക്ക് വരുന്നതും റോഡ് മുറിച്ചുകിടക്കുന്ന ലാഘവത്തോടെയാണെന്ന് കാനം പരിഹസിച്ചു. വർഗീയത പ്രചരിപ്പിക്കുന്നവർ ഭൂരിപക്ഷ വിഭാഗത്തിൽപ്പെട്ടവരായാലും ന്യൂനപക്ഷമായാലും ഒരേ ബ്ലഡ് ഗ്രൂപ്പുകാരാണ്. യുക്തിചിന്തയിലും ശാസ്ത്രബോധത്തിലും അധിഷ്ഠിതമായ ഒരു പുതിയ തലമുറയെ സൃഷ്ടിക്കാൻ നമ്മുടെ പാരമ്പര്യങ്ങൾ വീണ്ടെടുക്കാൻ നവോത്ഥാന പ്രസ്ഥാനത്തിന്റെ ആശയങ്ങളിൽ അടിയുറച്ചു നിന്ന് മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ജനാധിപത്യ അവകാശങ്ങൾക്കും വേണ്ടി മുന്നോട്ടു പോകാൻ ഇടതുപക്ഷ - പുരോഗമന പ്രസ്ഥാനങ്ങൾക്ക് കഴിയണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ


പ്രതിനിധികൾ പ്രകടനമായി രക്തസാക്ഷി സ്മൃതികുടീരത്തിലെത്തി പുഷ്പാർച്ചന നടത്തി. മന്ത്രി അഡ്വ ജിആർ അനിൽ, ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.സമ്മേളന പ്രതിനിധികളുടെയും പാർട്ടി പ്രവർത്തകരുടെയും ആവേശകരമായ മുദ്രാവാക്യങ്ങൾ ഉച്ചത്തിൽ മുഴങ്ങവെ, സിപിഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ ജെ വേണുഗോപാലൻ നായർ രക്തപതാക ഉയർത്തി. തുടർന്ന് പ്രതിനിധികൾ സമ്മേളന ഹാളിൽ പ്രവേശിച്ചു.സിപിഐ സംസ്ഥാന കൗൺസിൽ അംഗവും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുമായ അഡ്വ ജിആർ അനിൽ കൺവീനറായുള്ള അഞ്ചംഗ പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്. ദേശീയ എക്സിക്യൂട്ടീവ് അംഗം കെഇ ഇസ്മയിൽ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറിമാരായ കെ പ്രകാശ് ബാബു, സത്യൻ മൊകേരി, സംസ്ഥാന കൗൺസിൽ അംഗം സി ദിവാകരൻ,

എൻ രാജൻ, കെ പി രാജേന്ദ്രൻ , റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, സംസ്ഥാന കൗൺസിൽ അംഗം വിപി ഉണ്ണികൃഷ്ണൻ, സംഘാടകസമിതി ജനറൽ കൺവീനർ പാട്ടത്തിൽ ഷെരീഫ് തുടങ്ങിയവർ പ്രസംഗിച്ചു. സംഘാടകസമിതി ചെയർമാൻ അരുൺ കെഎസ് സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ എക്സി അംഗം മീനാങ്കൽ കുമാർ രക്തസാക്ഷി പ്രമേയവും പികെ രാജു അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയുടെ രാഷ്ട്രീയ റിപ്പോർട്ടിലും ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേലുമുള്ള പൊതുചർച്ച നാളെയും തുടരും. ഒൿടോബർ ഒന്നു മുതൽ നാലു വരെ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സമ്മേളന പ്രതിനിധികളുടെയും പുതിയ ജില്ലാ കമ്മിറ്റിയുടെയും തിരഞ്ഞെടുപ്പും ഇന്നു നടക്കും. ജില്ലാ കൗൺസിലിനു കീഴിലെ 17 മണ്ഡലം കമ്മിറ്റികളിൽ നിന്നായി 360 പ്രതിനിധികളാണ് സമ്മേളന്നത്തിൽ പങ്കെടുക്കുന്നത്.

തിരുത്തൽ ശക്തിയായി തുടരും

ഇടതുപക്ഷത്തെ തിരുത്തൽ ശക്തിയായി തുടരുമെന്ന് സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോർട്ടിൽ പറയുന്നു. എൽഡിഎഫിന്റെ രാഷ്ട്രീയ ദൗത്യങ്ങൾ നിറവേറ്റുക സിപിഐ യുടെ രാഷ്ട്രീയമായ കടമയാണ്. എൽഡിഎഫിന്റെ നിലപാടുകളിൽ വ്യതിയാനമുണ്ടായപ്പോഴെല്ലാം സിപിഐ അതിനെ തിരുത്തിയിട്ടുണ്ട്. അതെല്ലാം എൽഡിഎഫിനെ ശക്തിപ്പെടുത്താനായിരുന്നു. എൽഡിഎഫിനെ ദുർബലപ്പെടുത്തുന്ന നടപടികൾക്കെതിരെ നിതാന്ത ജാഗ്രത വേണം യുഡിഎഫ് - ബിജെപി- എസ്ഡിപിഐ ഉൾപ്പെടുന്ന രാഷ്ട്രീയ സഖ്യം സർക്കാരിനെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയാണ്. എൽഡിഎഫ് എന്ന മുന്നണി സിപിഐയുടെ ആശയമാണെന്നും ഭട്ടിന്റാ പാർട്ടി കോൺഗ്രസിലാണ് ഈ ആശയം ഉരുത്തിരിഞ്ഞ തെന്നും രാഷ്ട്രീയ റിപ്പോർട്ടിൽ വിശദമാക്കുന്നുണ്ട്.

 
  


    
    

    




Post a Comment

0 Comments