രണ്ടര വയസ്സുള്ള കുട്ടിയുടെ ഫോട്ടോ ഉപയോഗിച്ച് ചികിത്സ സഹായം തേടി തട്ടിപ്പ് നടത്താൻ ശ്രമിച്ചയാളെ പൂവാർ പൊലീസ് അറസ്റ്റ് ചെയ്തു. പഴയകട പുറുത്തിവിള സ്വീറ്റ് ഹോംവീട്ടിൽ അഭിരാജാണ് പിടിയിലായത്. രണ്ട് വയസ്സുള്ള കുഞ്ഞിന് ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സക്കായി 75 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടാണ് ഇയാൾ സമൂഹമാധ്യമങ്ങളിലൂടെ സന്ദേശം പ്രചരിപ്പിച്ചത്.

പൂവാർ സ്വദേശിയുടെ രണ്ടരവയസ്സുള്ള മകന്റെ ഫോട്ടോ ഉപയോഗിച്ചു. സഹായം സ്വീകരിക്കാനായി സ്വന്തം ബാങ്ക് അക്കൗണ്ട് നമ്പറാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. ചികിത്സാസഹായ അഭ്യർഥന വ്യാപകമായി പ്രചരിച്ചതോടെയാണ് കുട്ടിയുടെ വീട്ടുകാർ വിവരമറിഞ്ഞത്. തുടർന്ന് കുട്ടിയുടെ പിതാവ് പൂവാർ പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഭിരാജ് പിടിയിലായത്.
അടുത്തകാലത്ത് കണ്ണൂർ സ്വദേശിയായ കുട്ടിയുടെ ചികിത്സ സഹായമായി 18 കോടിയോളം രൂപ ലഭിച്ചിരുന്നു. ഇതാണ് വേഗത്തിൽ പണമുണ്ടാക്കാനായി ചികിത്സാ സഹായ തട്ടിപ്പ് നടത്താൻ പ്രേരിപ്പിച്ചതെന്ന് പ്രതി പറഞ്ഞതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്ന് പൂവാർ പൊലീസ് ഇൻസ്പെക്ടർ എസ്.ബി. പ്രവീൺ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.




0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.