Travel & Food

പ്രകൃതി കനിഞ്ഞരുളിയ സൗന്ദര്യം തേടി കൊല്ലംകാരുടെ സ്വകാര്യ അഹങ്കാരമായ മൺറോതുരുത്ത്

ഡിസംബർ 24 നു ജോലി സംബന്ധമായി ഒരു ദൂരയാത്ര കഴിഞ്ഞു വരും വഴി പിറ്റേന്ന് ക്രിസ്തുമസ് ദിനത്തിൽ യാത്ര പോകാൻ പറ്റിയസ്ഥലങ്ങൾ പരതുകയായിരുന്നു ഞാൻ, എന്തായാലും ഒരു ദൂരയാത്ര കഴിഞ്ഞു വന്നതിനാൽ അടുത്തുള്ള ഏതെങ്കിലും സ്ഥലത്തു പോകാം എന്നായി തീരുമാനം. അങ്ങനെ തിരുവനന്തപുരത്തു തന്നെയുള്ള ഒരിടം കണ്ടുപിടിച്ചു, പതിവിൽ നിന്ന് വിപരീതമായി ഒറ്റയ്ക്കുള്ള ഒരു ചെറിയ യാത്രയാണ് ഞാൻ തെരഞ്ഞെടുത്തത്.

ഡിസംബർ 25 നു രാവിലെ പതിവുപോലെ വീട്ടിൽ നിന്നും ഇറങ്ങി നേരെ ലക്ഷ്യസ്ഥാനത്തേയ്‌ക്ക്‌ വിട്ടു. അവിടെയുള്ള പ്രധാന സ്ഥലങ്ങൾ കാണുന്നതിനിടയിലാണ് മുഖപുസ്തകത്തിലൂടെ പരിചയപ്പെട്ട പ്രശാന്ത് ഭായിയുടെ വിളി വന്നത്. പുള്ളി രണ്ടു ദിവസത്തെ വയനാട് സന്ദർശനം കഴിഞ്ഞു വന്നതേ ഉള്ളു. ഇന്ന് എങ്ങോട്ടെങ്കിലും പോകുന്നോ എന്നായി പുള്ളി . ഞാൻ ഇപ്പോൾ ഒരു യാത്രയിലാണ് ഉച്ചയ്ക്ക് ശേഷം അടുത്തുതന്നെയുള്ള മറ്റൊരിടത്തു പോകാനുള്ള പദ്ധതിയുണ്ടെന്നും പുള്ളിയോട് പറഞ്ഞു, എങ്കിൽ ഞാനും കൂടാം എന്നു പറഞ്ഞു. എന്നോട് നെടുമങ്ങാട് കാത്തുനിൽക്കാൻ നിൽക്കാൻ പറഞ്ഞു പുള്ളി അവിടെ എത്തിക്കോളാം എന്നേറ്റു. അങ്ങനെ ഞാൻ നെടുമങ്ങാട് എത്തിയശേഷം ഒന്നുകൂടെ പ്രശാന്ത് ഭായിയെ വിളിച്ചു. “ഭായ് നമുക്ക് മൺറോതുരുത്ത് പോയാലോ, തീരുമാനിച്ച യാത്ര മറ്റൊരിക്കലാക്കാം” എന്ന് പറഞ്ഞു, പുള്ളിക്കാരനും അത് സമ്മതം, അങ്ങനെ പ്രകൃതി കനിഞ്ഞരുളിയ സൗന്ദര്യം തേടി കൊല്ലംകാരുടെ സ്വകാര്യ അഹങ്കാരമായ മൺറോതുരുത്ത് കാണാൻ ഞങ്ങൾ പുറപ്പെട്ടു . സത്യത്തിൽ ആകസ്മികമായി സംഭവിച്ച ഒരു യാതയാണിത് , രാവിലെ ഒറ്റയ്ക്ക് ആരംഭിച്ച യാത്രയുടെ പകുതിയിൽ അങ്ങനെ പുതിയ ഒരു അഥിതി കൂടി കടന്നുവന്നു. രണ്ടുപേർക്കും വാഹനം ഉള്ളതിനാൽ എന്റെ വാഹനം വഴിയിൽ ഒതുക്കിവച്ചു പ്രശാന്ത് ഭായിയുടെ വാഹനത്തിൽ ഞങ്ങൾ മൺറോയിലേക്കുള്ള യാത്ര തുടങ്ങി.

ഉച്ചയ്ക്ക് രണ്ടു മണിയോട് അടുപ്പിച്ചാണ് ഞങ്ങൾ യാത്ര തുടങ്ങിയത്. പ്രശാന്ത് ഭായിയുടെ നാലാമത്തെ യാത്രയാണ് മൺറോയിലേയ്ക്ക്, എന്റെ ആദ്യത്തേതും. തിരുവനന്തപുരത്തു നിന്നും 84 കിലോമീറ്ററും കൊല്ലത്തുനിന്നും 25 കിലോമീറ്ററുമുണ്ട് മൺറോതുരുത്തിലേക്ക്. രണ്ടു വഴികളിലൂടെ ഞങ്ങൾക്ക് മൺറോയിലെത്താം ആറ്റിങ്ങൽ വഴിയും പിന്നൊന്ന് കൊട്ടാരക്കര വഴിയും, ഇതിൽ ഞങ്ങൾ തെരഞ്ഞെടുത്തത് കൊട്ടാരക്കര വഴിയുള്ള യാത്രയാണ് നെടുമങ്ങാട് -വെഞ്ഞാറമൂട് – ആയുർ -കൊട്ടാരക്കര എത്തിയ ശേഷം അവിടുന്ന് ഇടത്തേക്ക് തിരിഞ്ഞു എഴുകോൺ വഴി കുണ്ടറ നിന്നും വലത്തേക്ക് തിരിഞ്ഞാണ് മൺറോയിൽ എത്തേണ്ടത്. കൊല്ലം ജില്ലയിൽ അഷ്ടമുടിക്കായലിനും കല്ലടയാറിനും നടുവിലായി സ്ഥിതിചെയ്യുന്ന ഒരു തുരുത്ത് ആണ് മൺറോതുരുത്ത്. തെങ്ങും നെല്ലും ആണ് പ്രധാന കൃഷി. കൃഷിയും കയറുപിരിക്കലുമാണ് ഇവിടുത്തെ പ്രധാന ജീവിതമാർഗങ്ങൾ . തിരുവിതാംകൂർ
ദിവാനായിരുന്ന കേണൽ മൺറോയുടെ സ്മരണാർഥമാണ്
ദ്വീപിന് ഈ പേര് ലഭിച്ചത്.

ഏകദേശം നാലുമണിയ്ക്ക് ഞങ്ങൾ മൺറോയിലെത്തി. എങ്ങും പച്ചപ്പ്‌ പാതയ്ക്ക് ഇരുവശവും ചെറിയ കൈതോടുകൾ, ചെമ്മീൻ കെട്ടുകൾ, തെങ്ങിൻതോപ്പുകൾ മനസിന് സുഖം സമ്മാനിക്കുന്ന കാഴ്ചകൾ. അവധിദിനം ആയതിനാൽ മോശമല്ലാത്ത തിരക്കുണ്ട്. ഞങ്ങൾ വണ്ടി ഒതുക്കിവച്ചശേഷം കായൽക്കരയിലേയ്ക്ക് നടന്നു. കായൽക്കരയിൽ ഒരുപാടുപേർ കായലിന്റെ സൗന്ദര്യം ആസ്വദിച്ചു നിൽക്കുന്നു. കുറച്ചുപേർ ചിത്രങ്ങളെടുക്കുന്ന തിരക്കിലാണ്. ഞങ്ങളും കായലിനോട് ചേർന്ന നടപ്പാതയിലൂടെ നടന്നു. നടപ്പാതയുടെ ഒരുവശം കായലും മറ്റേ വശം ചെറിയ കൈത്തോടും ആണ്. അവിടവിടെയായി ചെറിയ കടകൾ കാണാം. മണ്റോതുരുത്തിൽ എത്തുന്ന സഞ്ചാരികൾക്കു താമസിക്കാൻ റിസോർട്ടുകളും ഹോംസ്റ്റേകളും ഇവിടെ ധാരാളമുണ്ട്. ഓൺലൈൻ വഴിയും നേരിട്ടും താമസം ബുക്ക് ചെയ്യാവുന്നതാണ്.

മൺറോതുരുത്തിലെ പ്രധാന ആകർഷണം വള്ളത്തിൽ കയറിയുള്ള യാത്രയാണ് ഞങ്ങളുടെ അടുത്ത ലക്ഷ്യം അതാണ് . പ്രശാന്ത് ഭായ് മുൻപ് വന്നപ്പോൾ ഒരു വള്ളക്കാരൻ ചേട്ടനെ പരിചയപ്പെട്ടു, കുഞ്ഞുമോൻ എന്നാണ് അദ്ദേഹത്തിന്റെ പേര്. ഞങ്ങൾ അവിടുത്തെ ഒരു കടയിൽ കയറി അദ്ദേഹത്തെ അന്വേഷിച്ചു. ചേട്ടൻ വീട്ടിലേയ്ക്കു പോയി ഉടനെ വരും ഇവിടെ കാത്തുനിൽക്കാൻ പറഞ്ഞു. അധികം താമസിക്കാതെ കുഞ്ഞുമോൻ ചേട്ടനെത്തി. പ്രശാന്ത് ഭായ് അദ്ദേഹത്തോട് പരിചയം പുതുക്കി. രണ്ടുമണിക്കൂർ നീളുന്ന യാത്രയ്ക്ക് 500 രൂപയാണ് ഈടാക്കുന്നത് ഒരു വള്ളത്തിൽ പരമാവധി 8 പേരൊക്കെ കയറും എന്ന് തോന്നുന്നു. എന്തായാലും ഞങ്ങൾ വള്ളത്തിൽ കയറാൻ തീരുമാനിച്ചു. കണ്ടൽക്കാടുകൾക്കിടയിലൂടെ ഞങ്ങളെയും കൊണ്ട് കുഞ്ഞുമോൻ ചേട്ടന്റെ വള്ളം മെല്ലെ നീങ്ങിത്തുടങ്ങി.

ചെറിയ കൈതോടുകളിലൂടെയാണ് ഇപ്പോൾ യാത്ര അവധിദിനം ആയതിനാൽ കുഞ്ഞുമോൻ ചേട്ടന് നല്ല തിരക്കാണ്, ഒരുപാട് പേർ യാത്രയ്ക്ക് തയാറായി നിൽപ്പുണ്ട് അതിനാൽ അത്യാവശ്യം വേഗത്തിലാണ് ചേട്ടൻ വള്ളം തുഴയുന്നത്.
കൈതോടുകളിലൂടെ വള്ളം ഞങ്ങളെയും കൊണ്ട് നീങ്ങി. ഇരുവശവും തെങ്ങിൻ തോപ്പുകളും ചെമ്മീൻ കെട്ടുകളും കാണാം, വള്ളത്തിലിരുന്നു അതൊക്കെ ആസ്വദിക്കുമ്പോൾ കിട്ടുന്ന സുഖം അത് അനുഭവിച്ചു തന്നെ അറിയണം. ഇപ്പോൾ വേലിയേറ്റം കാരണം കായലിൽ വെള്ളം അല്പം കൂടുതലാണെന്നു കുഞ്ഞുമോൻ ചേട്ടൻ ഞങ്ങളോട് പറഞ്ഞു. അവിടെ ഒരു പൂട്ടിയിട്ട കെട്ടിടം കണ്ടു പ്രശാന്ത് ഭായ് അതെന്താണ് എന്ന് കുഞ്ഞുമോൻ ചേട്ടനോട് തിരക്കി, സ്ത്രീകൾ കയറു പിരിക്കുന്ന സ്ഥലമാണ് ഇപ്പോൾ വെള്ളം കയറി കിടക്കുന്നത് കാരണം പണി ചെയ്യാൻ കഴിയാതെ പൂട്ടി കിടക്കുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞത് ഇപ്പോൾ അവരവരുടെ വീടുകളിൽ കൊണ്ടുപോയാണ് കയറുപിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. അധികം മലിനമല്ലാത്ത ജലമാണ് ഇവിടെ കാണാൻ കഴിഞ്ഞത്. ആരും മാലിന്യം കൊണ്ട് ഇടാറില്ല എന്നാണ് കുഞ്ഞുമോൻ ചേട്ടൻ പറഞ്ഞത്. അത് വളരെ നല്ലൊരു കാര്യമായി തോന്നി. കൈതോടുകളിലൂടെ പോകുമ്പോൾ ഇടയ്ക്കു ചെറിയ പാലങ്ങൾ കാണാം അല്പം ഒന്ന് ശ്രെധിച്ചില്ലെങ്കിൽ തല പാലത്തിലിരിക്കും. നമ്മൾ എങ്ങേനെലും അത് തരണം ചെയ്യും എന്നാൽ നിന്ന് കൊണ്ട് വള്ളം തുഴയുന്ന ചേട്ടൻ എങ്ങനെയാണു പാലം കടക്കുക എന്നത് അത്ഭുതമാണ്. വളരെ അനായാസമായി ചേട്ടൻ അത് കൈകാര്യം ചെയ്യുന്നുണ്ട്.

കൈതോടുകളിലൂടെയുള്ള യാത്രയ്ക്ക് ശേഷം വള്ളം പുഴയിലേക്കു കയറും അതിനു ശേഷം കായലിലേയ്ക്കും, പുഴയിൽ ഞങ്ങളെ ആകർഷിച്ചത് ഒരുതരം മത്സ്യമാണ് അത് അങ്ങോട്ടുമിങ്ങോട്ടും ഉയരത്തിൽ ചാടിക്കളിക്കുന്നു.(അതിന്റെ പേര് ചേട്ടൻ പറഞ്ഞതാണ് മറന്നു പോയി ) സഞ്ചാരികൾ വള്ളങ്ങളിൽ പുഴയിലൂടെ സഞ്ചരിക്കുന്നു , ചിലർ സ്വയം തുഴഞ്ഞുപോകുന്നു, പുഴയിൽ നിന്നും ഞങ്ങളുടെ വള്ളം കായലിലേക്ക് പ്രേവേശിച്ചു. അകലെ അസ്തമയ സൂര്യന്റെ മനോഹര ദൃശ്യം, അസ്തമയ സൂര്യന്റെ കിരണങ്ങൾ പതിച്ചു കായൽ ജലം സ്വർണ്ണനിറത്തിൽ തിളങ്ങി നിൽക്കുന്നു. മനോഹരം എന്ന വാക്കു മതിയാകില്ല വിശേഷിപ്പിക്കാൻ അത്രയ്ക്കുണ്ട് അതിന്റെ ഭംഗി. ഇത് എനിക്ക് പുതിയൊരു അനുഭവമാണ്, ഇത്രയും മികച്ച ഒരു ജലയാത്ര ഇതിനു മുൻപ് ഞാൻ ചെയ്തിട്ടില്ല ….. അങ്ങകലെ പഴയകാല ചലച്ചിത്രഗാനം കേൾക്കാം കാതുകൾക്കും കണ്ണുകൾക്കും ഇതില്പരം എന്ത് ആനന്ദം…. മനോഹരമായ സംഗീതവും തണുത്ത കാറ്റും അസ്തമയ സൂര്യന്റെ കിരണങ്ങളും ഞങ്ങൾക്ക് സമ്മാനിച്ചത് ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ഒരു യാത്രയാണ്, ഈ യാത്രയിലൂടെ ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ ഒരുപാട് നല്ല അനുഭവങ്ങൾ ഞങ്ങൾക്ക് ലഭിച്ചു ആ സന്തോഷത്തിൽ ഇരിക്കവേ കുഞ്ഞുമോൻ ചേട്ടൻ വള്ളം കരയ്ക്കടുപ്പിച്ചു, ഞങ്ങൾ എത്തുന്നതും കാത്തു ചേട്ടന്റെ അടുത്ത അതിഥികൾ അവിടെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. വളക്കൂലിയും കൊടുത്തു ചേട്ടനോട് യാത്രയും പറഞ്ഞു ഞങ്ങൾ ഇറങ്ങി.

മൺറോതുരുത്തിലെ ജലയാത്ര എന്തായാലും മികച്ച ഒരു അനുഭവം തന്നെയാണ് നമുക്ക് സമ്മാനിക്കുന്നത്.
അതിരാവിലെയും വൈകുന്നേരങ്ങളിലും മാത്രം ഇവിടെ എത്താൻ ശ്രെമിക്കുക എങ്കിൽ മാത്രമേ നിങ്ങൾക്കിവിടം ആസ്വദിക്കാനാകു . 500 രൂപയ്ക്കു 2 മണിക്കൂർ ജലയാത്ര അത് ഇവിടെയെത്തുന്ന ഓരോരുത്തരും അനുഭവിച്ചറിയേണ്ട ഒന്നാണ് ആ സുഖം മറ്റൊന്നിനും നല്കാനാകില്ല. കുഞ്ഞുമോൻ ചേട്ടനെപോലെ 2 മണിക്കൂർ അധ്വാനിച്ചു പണിയെടുത്തു ജീവിക്കുന്ന ഒരുപാട് വള്ളക്കാർ അവിടുണ്ട്. ചില ദിവസങ്ങളിൽ ഒരു യാത്രപോലും ഇവർക്ക് കിട്ടാറില്ല എന്നാണ് അറിയാൻ കഴിഞ്ഞത്, അവർക്കു ഇതൊരു ജീവിതമാർഗമാണ്. ഇവരുടെ അടുത്താണ് നമ്മൾ എത്തിപ്പെടേണ്ടതും. നിങ്ങൾ മണ്റോതുരുത്തിൽ പോകുകയാണെങ്കിൽ തീർച്ചയായും ഇതുപോലുള്ള വള്ളങ്ങളിൽ തന്നെ യാത്രയ്ക്ക് ശ്രെമിക്കുക. അത് നിങ്ങൾക്ക് ഒരിക്കലും ഒരു നഷ്ടമാകില്ല ഉറപ്പാണ് ………

വള്ളം ബുക്ക് ചെയ്യാൻ വിളിക്കുക
കുഞ്ഞുമോൻ – 8139028506

വിവരണം: പ്രശാന്ത് കൃഷ്ണ

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *