Travel & Food

അവൾക്കൊപ്പം, അവൾക്കു വേണ്ടി കണ്ട പൊന്മുടി..!!

കണ്ണ് പോലും തുറക്കാണ്ട് അവളെ ഒന്ന് കെട്ടിപ്പിടിക്കാൻ തിരിഞ്ഞു കിടന്നു…
കൈ നീട്ടി തപ്പി നോക്കിയപ്പോ അവിടെ ആളില്ല..

ഉറക്കച്ചടവിൽ കണ്ണുതുറന്നു, സമയം നോക്കിയപ്പോ 7 ആയതേ ഉള്ളു.. ശെടാ.. ഇവളിതെവിടെ പോയി… ഓഫീസില്ലാത്ത ശനിയാഴ്ച ആയോണ്ട് ഇന്ന് ഒരുപാട് ഉറങ്ങാം എന്ന് കരുതിയതാ..

എന്നാലും ഇവൾ ഇതെവിടെ പോയി… ചായ എടുക്കാൻ പോയതാകും…

ചായ എടുക്കാൻ പോയ അവൾ വന്നത് ജാക്കറ്റ് ഒക്കെ എടുത്ത് കയ്യിൽ ഒരു ബാഗും ആയാണ്…

‘ഗുഡ് മോർണിംഗ് മിസ്സിസ് ക്വാദിർ, എവിടെക്കാ ഈ അതിരാവിലെ ??’

‘പൊന്മുടിക്ക്’

‘ആരാ ഉള്ളെ കൂടെ ??’

‘ഇങ്ങളെന്നെ ‘

‘ങേ, ഈ ഞാനാ, ഒന്ന് പോയെ, ശനിയാഴ്ച ആയാലാ മനുഷ്യന് ഒരു റസ്റ്റ് കിട്ടണത്, ഞാൻ ഇല്ല, നീ പൊക്കോ’

അവൾ വിടുന്ന മട്ടില്ല, കട്ടിലിലോട്ടു ചാടി വീണു ചന്നം പിന്നം അടി.. പുതപ്പൊക്കെ വലിച്ചെറിഞ്ഞു എന്നെ കുലുക്കി കുലുക്കി എണീപ്പിച്ചിട്ടേ അവൾ അടങ്ങിയുള്ളു..

ഇതിനെ കൊണ്ട് വല്യ ശല്യം ആയല്ലോ റബ്ബേ… കെട്ടണ്ടായിരുന്നു..

‘ഈ പൊന്മുടി എവിടെയാ എന്ന് വിചാരിച്ചിട്ടാ മോൾ പോകാൻ പറയണേ, നല്ല ദൂരം ഉണ്ട് അത്, അങ്ങ് ട്രിവാൻഡ്രം എത്തണം’

‘അതൊക്കെ എനിക്കറിയാം ഞാൻ മാപ് പ്രിന്റ് എടുത്തിട്ടുണ്ട്’

‘മാപ് പ്രിന്റ് എടുക്കുകയോ, അയ്യേ, പിന്നെന്തിനാ ഈ മൊബൈൽ എന്ന് പറയണ കുന്ത്രാണ്ടം’

‘മൊബൈൽ റേഞ്ച് ഇല്ലാണ്ടായാൽ എന്താ ചെയ്യാ, ഓഫ് ആയാലോ, കാണാണ്ട് പോയാലോ, ഏഹ്, ഇങ്ങള് പറയ് ?’

‘അതിപ്പോ, അപ്പൊ ചോയ്ച്ചു ചോയ്ച്ചു പോകാലോ’

ഞാൻ നന്നായൊന്ന് പുച്ഛിച്ചു, അവൾ മുഖം കറുപ്പിച്ചു കിച്ചനിലോട്ട് പോയി…

അവൾ പോയപ്പോ ആ മാപ് നോക്കി ഞാൻ നൈസ് ആയി റൂട്ട് ഒന്ന് മാർക്ക് ചെയ്തു വെച്ചു… സംഭവം എന്റെ പെണ്ണ് ആയോണ്ട് പറയുവല്ലാ, ആൾ പുലിയാ, ഈ മാപ്പിന്റെ കാര്യം ഞാൻ പണ്ട് ഒരിക്കൽ അനുഭവിച്ചതാ, ആനയടിക്കുത് പോയപ്പോ, അന്ന് നെറ്റ് ഇല്ലാണ്ടായപ്പോ നാട്ടുകാരോട് ചോദിയ്ക്കാൻ നിന്നിട്ട് തൊട്ടടുത്ത ആൾക്ക് പോലും അറിയാൻ പാടില്ലായിരുന്നു ആ സ്ഥലം.. ശരിക്കും പെട്ടതാ…

കിച്ചണിൽ ചെന്ന് അവളെ പിന്നിലൂടെ ഒന്ന് കെട്ടിപ്പിടിച്ചപ്പോഴേക്ക് ആൾ കൂളായി…

‘ഇക്ക പോയി വേഗം റെഡി ആയെ, നമ്മക്ക് 8 മണിക്ക് ഇറങ്ങണം’

കുളിച്ചു പല്ലുതേച്ചു വന്നപ്പോഴേക്കും ഡ്രെസ്സൊക്കെ തേച്ചു വെച്ച് കീയും എടുത്ത് അവൾ ബാത്റൂമിന് പുറത്തു തന്നെ ഉണ്ടായി…

‘ങേ, ബൈക്കിലോ, അവിടെ വരെയോ, നമ്മക്ക് കാറിൽ പോകാ’

‘പറ്റൂല, ബൈക്കിൽ തന്നെ പോണം’

പാവം, അയിന്റെ ഓരോ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങൾ അല്ലെ, നടത്തി കൊടുത്തേക്കാം എന്ന് തോന്നി.. 8 മണിക്ക് താത്താന്റെ കടയിൽ നിന്ന് ദോശയും കഴിച്ചു നേരെ അങ്ങു ഇറങ്ങി…

കാക്കനാട് – ആലപ്പി – ചെങ്ങന്നൂർ – കൊട്ടാരക്കര – വിതുര – പൊന്മുടി..

ഇങ്ങനാ അവളുടെ മാപ്പിൽ റൂട്ട് കണ്ടേ, അത് വെച്ച് അങ്ങു വെച്ച് പിടിച്ചു.. ഒന്നു ചവിട്ടിയത് ആലപ്പി ചങ്ങനാശ്ശേരി റൂട്ടിൽ എത്തിയപ്പഴാ… അല്ലേലും അവിടെ ചവിട്ടാണ്ട് ഇരിക്കണേൽ ഞാൻ വല്ല മുരടനും ആകണം… രണ്ടു ഭാഗത്തും കൊതിപ്പിക്കുന്ന പച്ചപ്പ്… സൈഡിൽ ഉള്ള ഒരു റോഡിലൂടെ കയറ്റി ഒരു പാടത്തിന്റെ അരികിൽ വണ്ടി സൈഡ് ആക്കി… വണ്ടി നിർത്തും മുന്നേ പിന്നിലുള്ള ആൾ ചാടി ഇറങ്ങി… ഇതൊക്കെ കാണുമ്പോ അവളുടെ ആ മുഖത്തെ ഒരു സന്തോഷം കാണേണ്ടത് തന്നെയാണ് സാറേ… ആ ചിരി.. അത് മതി നമുക്ക് കുറെ നാളത്തേക്ക്…

അവൾക്കു മതിയാവോളം എന്റെ ചുമരിൽ ചാരി ഇരുന്ന്.. ഞാനൊന്ന് റൊമാന്റിക് ആയി വന്നപോയേക്കു അവൾ പറഞ്ഞു വാ പോകാം പൊന്മുടി എത്താൻ വൈകും എന്ന്… ഇവളെ ഞാനുണ്ടല്ലോ…

വണ്ടി വീണ്ടും നീങ്ങി തുടങ്ങി.. ജൂലൈ ആണേലും വെയിൽ അത്യാവശ്യത്തിനുണ്ട്.. പിന്നിൽ മുറുക്കി കെട്ടിപ്പിടിച്ചോണ്ടു അവൾ ഉണ്ടാകുമ്പോ പിന്നെ എനിക്കെന്ത് ക്ഷീണം..

ചെങ്ങന്നൂരും കൊട്ടാരക്കരയും കഴിഞ്ഞപ്പോ ഏകദേശം ഉച്ച ആയി, വിശപ്പിന്റെ വിളി വന്നു തുടങ്ങി.. അതിന്റെ ആവണം പിറകിൽ നിന്ന് അവൾ ഉച്ചത്തിൽ പാട്ടു ഒക്കെ പാടി തുടങ്ങി.. പാട്ട് അത്യാവശ്യം നല്ല ബോർ തന്നെയാ.. അതോണ്ട് ഞാൻ വണ്ടി അടുത്ത് കണ്ട ഹോട്ടലിൽ അടുപ്പിച്ചു.. ഇമ്മാതിരി ഐറ്റം നമ്മൾ ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്… ഏത്..

ഊണ് കഴിഞ്ഞു ഒരാളോട് വഴി ചോദിക്കാൻ പോകുമ്പോ അവൾ പിന്നിൽ നിന്ന് വലിച്ചു, ‘അയാളോടൊന്നും ചോയ്ക്കണ്ട ഇക്കാ എന്റേൽ മാപ് പ്രിന്റ് ഉണ്ട്’, അതോണ്ടന്നെ ഞാൻ പോയി അയാളോട് വഴി ചോദിച്ചു… ഏത്..

നല്ല തങ്കപ്പെട്ട മനുഷ്യൻ, പറഞ്ഞു തന്ന വഴിയിൽ ഓടി, എങ്ങനെ ഓടിയിട്ടും പൊന്മുടി മാത്രം എത്തുന്നില്ല.. പിന്നിൽ നിന്നും അവൾ പറഞ്ഞു തുടങ്ങി ‘ന്റെ മാപ് നോക്കി പോയിരുന്നേൽ ഇപ്പൊ അവിടെ എത്തിയേനെ, അനുഭവിക്ക് ‘..

റെക്കോർഡ് ചെയ്യാൻ ആക്ഷൻ ക്യാം ഓൺ ചെയ്തു, രണ്ടു ദിവസം മുന്നേ വാങ്ങിയ ആക്ഷൻ ക്യാമും നേരെ റെക്കോർഡ് ആകുന്നില്ല, അപ്പോഴും പിന്നിൽ നിന്നും വീണ്ടും വന്നു അശരീതി ‘എന്റെ മാപ്പിനെ പുച്ഛിച്ചതല്ലേ, അനുഭവിക്ക്’

ശെടാ.. ഇതിപ്പോ പെട്ടല്ലോ…

അങ്ങനെ മുക്കിയും മൂളിയും 4 ആയപ്പോ പൊന്മുടി എത്തി.. ഇനി അങ്ങോട്ട് 22 ഹെയർ പിൻ.. ഓരോ ഹെയർ പിൻ കഴിയുമ്പോഴും പിന്നിൽ നിന്നുള്ള കെട്ടിപ്പിടുത്തതിന് ശക്തി കൂടും പോലെ.. അവളുടെ പിണക്കം ഒക്കെ തനിയെ ഇല്ലാണ്ടായി.. അല്ലേലും അതങ്ങനാ..

ഇടയ്ക്കുള്ള എല്ലാ വ്യൂ പോയിന്റിലും നിർത്തി ഫോട്ടോ എടുപ്പ് മുടങ്ങാണ്ട് നടത്തി..

പള്ളിയിൽ വെച്ച് നമസ്കാരവും തീർത്തു നേരെ പൊന്മുടി കാണാൻ ഇറങ്ങി…

എങ്ങോട്ട് പോണം എന്നറിഞ്ഞുട, നാല് പാടും വല്ലാത്ത ഭംഗി.. ആദ്യം വ്യൂ പോയിന്റ് കാണാൻ പോയി.. കൈ പിടിച്ചു ഇരിക്കാൻ അവളും കൂടി ആയപ്പോൾ അവിടെന്നു പോരാൻ തോന്നുന്നില്ല..

നല്ല അസ്സൽ കാറ്റ്… പക്ഷെ, കോട മാത്രം വന്നില്ല… എന്തിനാപ്പൊ കോട.. അവളുടെ കയ്യും പിടിച്ചു കണ്ണടച്ച് ഇരുന്നാൽ സ്വർഗം വരെ കാണാം…

SLR എടുക്കാണ്ട് പോന്നതിൽ അവൾ കുറെ പറഞ്ഞു… പാവം അതിന്റെ കൊറേ DP പോയി കിട്ടി.. ഭാഗ്യം, ഇല്ലേൽ അങ്ങനേം ഇങ്ങനേം ഒക്കെ ഇരുന്ന് ഫോട്ടോ എടുപ്പിച്ചു അവൾ എന്റെ പരിപ്പിളക്കിയേനെ..
പക്ഷെ ആവശ്യത്തിൽ കൂടുതൽ സെൽഫി ആക്ഷൻ ക്യാമിലും മൊബൈലിലും ആയി അവൾ അല്ലാണ്ട് എടുത്തു…

സ്ഥലങ്ങൾ ഓരോന്നായി കണ്ടു തീർത്തപ്പോഴേക്ക് താഴേന്ന് വിസിൽ വന്നു… സ്റ്റേ എവിടേലും കിട്ടുമോ എന്ന് ചോദിച്ചപ്പോ ആ പൊലീസുകാരനാ PWD റൂം ഉണ്ടെന്നു പറഞ്ഞു തന്നെ.. പൊന്മുടി കാണാൻ മാത്രം കാക്കനാട് നിന്ന് വന്നു എന്ന് കേട്ടപ്പോ അങ്ങേർക്ക് അത്ഭുതം.. വട്ടാണോ എന്ന്.. അതെ… എനിക്കല്ല, ദേ ഇവൾക്..

താഴെ എത്തി PWD RestHouse ഇൽ ചോദിച്ചപ്പോ റൂം ഉണ്ടെന്നു പറഞ്ഞു, ക്യാഷ് 500 എന്ന് കേട്ടപ്പോ ‘അതിത്തിരി കൂടുതൽ അല്ലെ ചേട്ടാ’ എന്ന് അമർ അക്ബർ ആന്റണി സ്റ്റൈലിൽ ഞാനങ്ങു ചോദിച്ചു… മോൻ എങ്കിൽ താഴെ പോയി നോക്കിക്കോ എന്ന് പുള്ളിയും പറഞ്ഞു… ബേഷ് ബലേ ബേഷ്… താഴെ എത്തിയപ്പോഴാ പെട്ട കാര്യം അറിഞ്ഞേ.. റൂമിനോക്കെ 1500 മുകളിലാ റേറ്റ്… തീർന്നു…

‘ഇങ്ങനെ ഒരു എച്ചി, ആരേലും ഇക്കാലത്തു 500 രൂപയ്ക്കൊക്കെ ഡിസ്‌കൗട് ചോയ്ക്കുമോ’

അടുത്ത ഒരു PWD റൂം കണ്ട് അങ്ങോട്ട് വണ്ടി ഒതുക്കും വരെ അവൾ പിന്നിൽ ഇത് ഒരു 100 തവണ എങ്കിലും ഇത് പറഞ്ഞു കാണും…

സാധാ റൂമൊക്കെ ബുക്ക് ചെയ്തേക്കുവാ മോനെ എന്ന് അകത്തു നിന്ന് പറഞ്ഞപ്പോ ഞാൻ പകുതി തളർന്നു… കയ്യും കാലും പിടിച്ചു ഉള്ള VIP റൂം എങ്ങനേലും തരാൻ പറഞ്ഞു.. AC ഇല്ലേൽ 500 രൂപയ്ക്ക് തരാമെന്നു പുള്ളി പറഞ്ഞപ്പോൾ ഞാൻ ഡബിൾ ഹാപ്പി… അല്ലേലും ആർക്ക് വേണം AC…പ്ഫ്..

അവളേം കൂട്ടി വന്നു അന്ന് VIP റൂമിൽ ഉറങ്ങി..

രാവിലെ എണീറ്റ് പോയി ബ്രഷും പേസ്റ്റും സോപ്പും ഒക്കെ വാങ്ങി വന്നു.. നമ്മളെ ഒരാൾക്കും അറിയാത്ത നാട്ടിലെ പ്രഭാതം, അത് ഒരു വല്ലാത്ത ഫീലാ…

ഫുഡും അടിച്ചു നേരെ അടുത്തുള്ള മീൻമുട്ടി വെള്ളച്ചാട്ടത്തിലോട്ട്… രാവിലെ 9 ആയതേ ഉള്ളു.. ഞങ്ങൾ ആണെന്ന് തോനുന്നു ആദ്യം പോകുന്നതു.. ടിക്കറ്റും എടുത്ത് അകത്തോട്ട് കയറി.. ക്യാമറയ്ക്ക് ജീവനുണ്ട് എന്ന് തോന്നാത്തത് കൊണ്ട് അതിന് ടിക്കറ്റ് എടുത്തില്ല… ബൈക്കും കൊണ്ട് ഇച്ചിരി കൂടി അകത്തേക്ക് പോയി.. അപ്പോഴാ അറിയണത് ക്യാമറക്ക് ജീവനുണ്ട് അതിനു ടിക്കറ്റ് വേണം എന്ന്.. അപ്പൊ മൊബൈലിനോ… ഏയ്… അതിനു ജീവനൊന്നും ഇല്ല..

അവിടെ ബാഗും ക്യാമും ഏൽപ്പിച്ചു നടപ്പു തുടങ്ങി.. അപ്പോഴാ സലിംക്കാനേ കാണുന്നത്.. അവിടത്തെ ജോലിക്കാരാനാ… പുള്ളിയോട് ഓരോന്ന് മിണ്ടി പയ്യെ നടന്നു തുടങ്ങി… അവൾ ആണേൽ മുന്നേ ഓടി.. അവൾക്കു ആദ്യം എത്തണം പോലും.. സലിംക്കാന്റെ വീടും നാടും കുടുംബവും ഒക്കെ നടത്തത്തിൽ ചോദിച്ചു മനസിലാക്കി.. ഇക്കാനെ ഇച്ചിരി പൊക്കി പറഞ്ഞു പുള്ളിയെയും സന്തോഷിപ്പിച്ചു പയ്യെ മീൻമുട്ടി എത്തി…

ഇത്രേം ഭംഗി ഉള്ള വെള്ളച്ചാട്ടത്തിൽ ഇറങ്ങരുത് എന്ന് പറയണത് അവർ പറയണത് കേട്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി… അവിടെ വീണു മരിച്ചവരുടെ എണ്ണം കേട്ടപ്പോൾ ആ സങ്കടം പോയി കിട്ടി… അത്യാവശ്യം ഫോട്ടോയെടുപ്പോക്കെ ചെയ്ത് പയ്യെ താഴേക്ക്..

സമയം 10 കഴിയുന്നെ ഉള്ളു.. ആൾക്കാരൊക്കെ വരുന്നേ ഉള്ളു..

അവളോട് മുറുക്കി പിടിച്ചിരുന്നോ എന്നും പറഞ്ഞു ഞാൻ ബൈക് സ്റ്റാർട്ട് ചെയ്തു… അവളുടെ മാപ്പും നോക്കി, പയ്യെ പയ്യെ കാക്കനാടിലോട്ട്.. ഇക്ക ഇനി ഇടത്തോട്ട് ഇനി വലത്തോട്ട് എന്നൊക്കെ പിറകിൽ ഇരുന്നു പറയുമ്പോ അവളുടെ സന്തോഷം എന്റെ ചെവി അറിയുന്നുണ്ടായിരുന്നു… അവൾ നല്ലോണം സന്തോഷിക്കട്ടെ.. നമ്മൾക്കതല്ലെ വലുത്…

‘ഡാ ഊളെ, മണി ഒമ്പതായി, വേണേൽ ഓഫീസിൽ പോടാ *%@&[email protected]*’

റൂം മേറ്റ് സുനീതായിരുന്നു… ചെഹ്, സ്വപ്നത്തിന്റെ ആ ഫ്ളോ അങ്ങ് കളഞ്ഞു… പുല്ല്… എരണം കെട്ടവന് വിളിക്കാൻ കണ്ട നേരം… നാശം പിടിക്കാൻ, കുളിച്ചു റെഡി ആയി വന്നു എന്നത്തേയും പോലെ അലക്കാണ്ട് തേക്കാണ്ടു ഓഫീസിലേക്ക്..

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *