Latest

നെടുമങ്ങാട്-അരുവിക്കര-വെള്ളനാട് റോഡ് നവീകരണം പാതിവഴിയിൽ

അരുവിക്കര: അരുവിക്കര-നെടുമങ്ങാട് നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡായ നെടുമങ്ങാട്-അരുവിക്കര-വെള്ളനാട് റോഡ് നവീകരണം പാതിവഴിയിൽ. രണ്ടു പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡ് ആധുനിക നിലവാരത്തിൽ നവീകരിക്കുന്നതിന് 41.60 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബിയുടെ അംഗീകാരം ലഭിച്ച് രണ്ടുവർഷം പിന്നിട്ടിട്ടും പദ്ധതിയിപ്പോഴും തുടങ്ങിയിടത്തുതന്നെയാണ്. ചിലയിടങ്ങളിൽ സ്ഥലം ഏറ്റെടുത്തതൊഴിച്ചാൽ നിർമാണ പ്രവർത്തനങ്ങളെല്ലാംതന്നെ അനിശ്ചിതത്വത്തിലാണ്.

സംസ്ഥാനത്ത് ആദ്യഘട്ടത്തിൽ അംഗീകാരം ലഭിച്ച മൂന്ന് റോഡുകളിൽ ഒന്നാണ് നെടുമങ്ങാട്-അരുവിക്കര- വെള്ളനാട് റോഡ്. മഞ്ച റോഡ് തുടങ്ങുന്ന നെടുമങ്ങാട് മാർക്കറ്റ് ജങ്ഷനിൽനിന്ന്‌ ആരംഭിച്ച് മഞ്ച, കളത്തറ, മുള്ളിലവിൻമൂട് വഴി അരുവിക്കര ജങ്ഷനിലെത്തി പോലീസ് സ്റ്റേഷൻ വഴി വെള്ളനാട് കുളക്കോട് അവസാനിക്കുന്ന രീതിയിൽ 11 കിലോമീറ്റർ റോഡാണ് നവീകരിക്കാൻ പദ്ധതിയിട്ടിരുന്നത്.

നിലവിലെ റോഡിൻറെ വീതി വർധിപ്പിച്ച് ആവശ്യമായ സ്ഥലങ്ങളിൽ ഓടയും സംരക്ഷണഭിത്തിയും കലുങ്കുകളും നടപ്പാതയും നിർമിച്ച് റോഡ് നവീകരിക്കുന്നതിനാണ് തീരുമാനം. വീതി കൂട്ടുന്നതിൻറെ ഭാഗമായി ഭൂമി ഏറ്റെടുക്കേണ്ടി വരുമ്പോൾ സ്ഥലം നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി 10.32 കോടി രൂപ അംഗീകരിച്ചിട്ടുണ്ട്. കൂടാതെ വാട്ടർ അതോറിറ്റിയുടെ എസ്റ്റിമേറ്റ് പ്രകാരം പൈപ്പ് മാറ്റിസ്ഥാപിക്കുന്നതിനുവേണ്ടി മൂന്നുകോടി രൂപയും വൈദ്യുതി പോസ്റ്റുകൾ മാറ്റിസ്ഥാപിക്കുന്നതിന് 26.30 ലക്ഷം രൂപയും അനുവദിച്ചു. നെടുമങ്ങാട്, മഞ്ച മുതൽ മുള്ളിലവിൻമൂട് വരെയും അരുവിക്കര പാലം മുതൽ വെള്ളനാട് കുളക്കോട് വരെയുള്ള ഭാഗത്തെ റോഡ്‌ പലയിടത്തും തകർന്ന അവസ്ഥയിലാണ്.

രണ്ട് നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ഈ റോഡിൻറെ ആകെയുള്ള 11 കിലോമീറ്ററിൽ 9 കിലോമീറ്ററോളം കടന്നുപോകുന്നത് അരുവിക്കര നിയോജക മണ്ഡലത്തിലെ അരുവിക്കര, വെള്ളനാട് പഞ്ചായത്തുകളിലൂടെയാണ്. റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു തുടങ്ങിയിട്ട് കാലമേറെയായിട്ടും അധികൃതർ ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ല. ആവശ്യമായ സ്ഥലം ഏറ്റെടുത്ത് അപകടകരമായ വളവുകൾ ഒഴിവാക്കി റോഡുനിർമാണം അടിയന്തരമായി പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *