Latest

റോഡുവശത്തെ മണ്ണിടിച്ചത് ചെറ്റച്ചൽ ജവഹർനവോദയ സ്കൂൾ മതിലിനു ഭീഷണി

ചെറ്റച്ചൽ: റോഡ് നവീകരണത്തിന്റെ ഭാഗമായി വശങ്ങളിലെ മണ്ണിടിച്ചത് ചെറ്റച്ചൽ ജവഹർനവോദയ സ്കൂൾ മതിലിനു ഭീഷണിയായതായി പരാതി. ചെറ്റച്ചൽ നന്ദിയോടു റോഡുനവീകരണത്തിന്റെ ഭാഗമായാണ് മണ്ണുമാന്തിയന്ത്രമുപയോഗിച്ച് മണ്ണിടിച്ചു മാറ്റിയത്.

ചുറ്റുമതിലിനോടുചേർന്നഭാഗവും ഇടിച്ചുമാറ്റിയതോടെ ഏതുസമയവും ഇടിഞ്ഞുവീഴാവുന്ന നിലയിലാണ്. ഏറെ നാളത്തെ ആവശ്യത്തിനൊടുവിലാണ് നന്ദിയോട് മുതൽ ചെറ്റച്ചൽ വരെയുള്ള ഭാഗം നവീകരിക്കാൻ തീരുമാനിച്ചത്‌. ഇതിനായി 9.68 കോടി അനുവദിച്ച് പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങി. നന്ദിയോട് മുതലുള്ള പുറമ്പോക്ക് അളന്നുതിരിച്ചു. കാലങ്കാവ് മുതൽ പൊട്ടൻചിറ വരെയുള്ള റോഡിന്റെ വശങ്ങൾ വനഭൂമിയായതിനാൽ വനംവകുപ്പിന്റെ അനുമതി ലഭിക്കാൻ പ്രയാസമാണ്. ചെറ്റച്ചൽ ജഴ്സിഫാമിന്റെ കൈവശമിരുന്ന 25-ഏക്കർ ഭൂമിയാണ് നവോദയസ്കൂളിനു നൽകിയത്. ഇവിടെയും ഒരു വശത്ത് വനമാണ്‌. ഇക്കാരണം കൊണ്ടു തന്നെ പുറമ്പോക്ക് പൂർണമായും ഇടിച്ചു മാറ്റാനാണ് ശ്രമം നടന്നത്.

ഉയർന്ന സ്ഥലത്തുള്ള ചുറ്റുമതിൽ മണ്ണിടിച്ചു മാറ്റിയതോടെ അപകടാവസ്ഥയിലായി. കഴിഞ്ഞദിവസം ചെയ്ത വേനൽമഴയിൽ പല ഭാഗങ്ങളിലും വെള്ളം കുത്തിയൊലിച്ചത് പ്രശ്നംകൂടുതൽ രൂക്ഷമാക്കി. മതിലിന്റെ അടിഭാഗം കോൺക്രീറ്റ് ചെയ്യണമെന്ന് സ്കൂളധികാരികൾ ആവശ്യപ്പെട്ടു. അടിയന്തരപരിഹാരം കാണണമെന്നാവശ്യപ്പെട്ട് പരാതി നൽകിയതായി പ്രിൻസിപ്പൽ കെ.എസ്‌.പ്രകാശ്കുമാർ പറഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *